07:33pm 17 October 2026
NEWS
നെടുമ്പാശേരി കാർ അപകടം: നാല് പ്രതികൾക്കും ജാമ്യമില്ല
17/10/2026  04:56 PM IST
nila
നെടുമ്പാശേരി കാർ അപകടം: നാല് പ്രതികൾക്കും ജാമ്യമില്ല

കൊച്ചി: നെടുമ്പാശേരിയിൽ സ്കൂട്ടറിന് പിന്നിൽ ആഡംബര കാർ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ച കേസിൽ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി സുഹൈൽ സജീവ്, മറ്റ് പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി നിരസിച്ചത്. ജാമ്യാപേക്ഷകളിൽ വാദം പൂർത്തിയായതിനെത്തുടർന്ന് ശനിയാഴ്ചത്തേക്ക് മാറ്റിവച്ചിരുന്ന കേസിലാണ് കോടതി വിധി പറഞ്ഞത്.

അപകടസമയത്ത് മൂന്ന് പേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ, മൂന്ന് പേർ ഒരുമിച്ച് യാത്ര ചെയ്തതുകൊണ്ട് കാറിടിക്കാമോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. സ്കൂട്ടറിൽ മൂന്നുപേർ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോഴും, മരിച്ചുപോയ മൂന്ന് പേർക്കെതിരെ ഇനി എന്ത് നടപടിയാണ് സ്വീകരിക്കാനാകുകയെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.

ഈ മാസം 11ന് പുലർച്ചെ 1.45നായിരുന്നു നാടിനെ നടുക്കിയ അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർക്ക് പിന്നിൽ ആഡംബര കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും തൽക്ഷണം മരിച്ചു.

കാർ ഓടിച്ചിരുന്ന സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. എന്നാൽ, ആദ്യ എഫ്ഐആറിൽ പ്രതിയുടെ പേര് ഉൾപ്പെടുത്താതിരുന്നതും ഇയാൾ മദ്യപിച്ചിരുന്നെന്ന വിവരം രേഖപ്പെടുത്താതിരുന്നതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിലാണ് പ്രതി മദ്യപിച്ചിരുന്നതായി വ്യക്തമാക്കിയത്.

തുടർന്ന് പുറത്തുവന്ന പരിശോധനാഫലവും കേസിൽ നിർണായകമായി. സുഹൈലിന്റെ രക്തത്തിൽ അനുവദനീയമായ അളവിന്റെ 5.3 മടങ്ങ് അധികം മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. 100 മില്ലിലീറ്റർ രക്തത്തിൽ 30 മില്ലിഗ്രാം എന്നതാണ് അനുവദനീയമായ പരിധി. അപകടസമയത്ത് പ്രതി അമിതമായി മദ്യപിച്ചിരുന്നതായുള്ള പരിശോധനാഫലം കേസിൽ വീണ്ടും ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img